കുഞ്ഞൻ തെർമിസ്റ്ററുകളുടെ വമ്പൻ ജയം

എയർ കണ്ടീഷണറുകൾ എങ്ങനെയാണ് മുറിയിലെ താപനില തിരിച്ചറിയുന്നത്? അല്ലെങ്കിൽ, വാഹനങ്ങളിലെ ഓട്ടോമാറ്റിക് വൈപ്പർ എങ്ങനെയാണ് സ്വയം പ്രവർത്തിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ചെന്നെത്തുന്നത് ‘തെർമിസ്റ്റർ’ എന്ന കുഞ്ഞൻ ഉപകരണത്തിലാണ്. ഇവ തദ്ദേശീയമായി നിർമിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനം നമ്മുടെ കേരളത്തിലാണ്. തൃശ്ശൂർ കോലഴിയിൽ പ്രവർത്തിക്കുന്ന ‘സൗപർണിക തെർമിസ്റ്റേഴ്‌സ് ആൻഡ് ഹൈബ്രിഡ്‌സ്’ ആണ് ആ സ്ഥാപനം.

കെമിക്കൽ എൻജിനീയറായ എം.എം. ജയകുമാറാണ് ഇതിന്റെ അമരക്കാരൻ. മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ്, അശോക് ലൈലാൻഡ്, ഫോഴ്‌സ് മോട്ടോഴ്‌സ് തുടങ്ങിയവരാണ് സൗപർണിക എന്ന ചെറുകിട കമ്പനിയുടെ ഉപഭോക്താക്കൾ.

കുഞ്ഞൻ തെർമിസ്റ്ററുകളുടെ വലിയ ലോകം

കാണാൻ ചെറുതാണെങ്കിലും വളരെയധികം ഉപകരണങ്ങളിലെ അവിഭാജ്യ ഘടകമാണ് തെർമിസ്റ്ററുകൾ. ചൂടിനെ തിരിച്ചറിയാനും അളക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഇലക്‌ട്രോണിക് കോംപണന്റാണ് തെർമിസ്റ്ററുകൾ. ചൂടിനെ തിരിച്ചറിയുന്ന സെൻസേഴ്‌സ് എന്നുവേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ ചൂടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളിലും തെർമിസ്റ്ററുകൾ വേണം. എ.സി, വാഹനങ്ങൾ, സ്റ്റെബിലൈസർ തുടങ്ങി ചൂടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളിലും തെർമിസ്റ്റർ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ 90 ശതമാനം തെർമിസ്റ്ററുകളും ഇറക്കുമതിയാണ്.

തുടക്കം

തൃശ്ശൂർ സ്വദേശിയായ ജയകുമാർ കുറ്റിപ്പുറം കെൽട്രോണിൽ റിസർച്ച് ആൻഡ് െഡവലപ്പ്‌മെന്റ് വിഭാഗത്തിന്റെ തലവനായിരുന്നു. 90 കാലഘട്ടത്തിൽ കെൽട്രോണിൽ തെർമിസ്റ്ററുകളെക്കുറിച്ച് ഗവേഷണം നടന്നിരുന്നു. അന്ന് വലിയ ഡിമാൻഡ് ഇല്ലെങ്കിലും ഭാവിയിലെ ലോകം തെർമിസ്റ്ററുകളുടെ ആകുമെന്ന് ജയകുമാറിന് മനസ്സിലായി. അതോടെ ജയകുമാറിന്റെ ഉള്ളിലുള്ള സംരംഭകൻ ഉണർന്നു. സ്വന്തമായി എന്തുകൊണ്ട് ഇവ നിർമിച്ചുകൂടാ എന്നായി ചിന്ത. അങ്ങനെ 1994-ൽ ജോലി രാജിവെച്ച് ‘നിള ടെക്’ എന്ന കമ്പനി കൊച്ചി ചിത്രപ്പുഴയിൽ സ്ഥാപിച്ചു. തെർമിസ്റ്റർ തന്നെയായിരുന്നു ഉത്പന്നം.

തിരിച്ചടികളുടെ ലോകം

ഇലക്‌ട്രോണിക് കമ്പനികൾപോലും തെർമിസ്റ്റർ എന്ന്‌ കേൾക്കാത്ത കാലത്താണ് അദ്ദേഹം ഇത് നിർമിക്കാനിറങ്ങിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംരംഭകജീവിതം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ബന്ധുകളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൻ എന്ന സ്ഥാനം കമ്പനി തുടങ്ങിയതോടെ നഷ്ടമായി. ‘കെൽട്രോണിലെ സുരക്ഷിതമായ ജോലി കളഞ്ഞുകുളിച്ചവൻ’ എന്ന മനോഭാവത്തോടെയായിരുന്ന പിന്നെ അവർ അദ്ദേഹത്തെ കണ്ടത്. ആരോടും കടം ചോദിച്ചാൽപ്പോലും കിട്ടാത്ത അവസ്ഥ. തുടക്കകാലത്ത് സ്കൂൾ അധ്യാപികയായിരുന്ന ഭാര്യ സി.എസ്. രാധയുടെ ശമ്പളദിവസത്തിനായി കാത്തിരിക്കുമായിരുന്നുവെന്ന് ജയകുമാർ പറഞ്ഞു. ആ പൈസ ഉപയോഗിച്ചാണ് കമ്പനി ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകൾ നടത്തിയിരുന്നത്. ഭാര്യ വമ്പൻ പിന്തുണയാണ് നൽകിയത്. എന്നാൽ, പതിയെ ബിസിനസ് പച്ചപിടിക്കാൻ തുടങ്ങി. കഴിഞ്ഞ സാമ്പത്തികവർഷം 7.5 കോടി രൂപയാണ് വിറ്റുവരവ്. ഈ വർഷം വിറ്റുവരവ് 8.5 കോടി രൂപ കടക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 25 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.

നോ മാർക്കറ്റിങ്

കഷ്ടപ്പാടുകൾക്കിടയിലും ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമിച്ചാൽ ആളുകൾ തേടിവരുമെന്നാണ് വിശ്വാസം. ഉന്നത ഗുണനിലവാരമുള്ള ഘടകങ്ങൾ മാത്രമേ വാഹനങ്ങളുടെ ഡാഷ് ബോർഡ് നിർമാതാക്കളായ പ്രീക്കോൾ വാങ്ങൂവെന്ന സംസാരം അക്കാലത്തുണ്ടായിരുന്നു. അതിനാൽ തുടക്കകാലത്ത് അവരെപ്പോയിക്കണ്ടു. അവർക്ക് ഉത്പന്നം ഇഷ്ടമായി. അതോടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വേവലാതി മാറി.

അതിനുശേഷം ആരെയും പോയി കണ്ടിട്ടില്ലെന്നും മഹീന്ദ്ര അടക്കമുള്ള കമ്പനികൾ തന്നെത്തേടി ഇങ്ങോട്ട് വരികയാണെന്നും ജയകുമാർ പറഞ്ഞു. അതിനാൽ മാർക്കറ്റിങ്ങിന്റെ പണവും ഗവേഷണത്തിൽ ചെലവഴിക്കാനായി. ഇപ്പോഴും ജയകുമാറിന്റെ ഉപഭോക്താവാണ് പ്രീക്കോൾ.

ബിസിനസ് ജീവിതം

2004-ൽ ‘നിള ടെക്കി’ന്റെ ഓഹരികൾ മറ്റ്‌ ഓഹരി ഉടമകൾക്ക് വിറ്റിട്ട് സ്വദേശമായ തൃശ്ശൂരിലെ കോലഴിയിൽ ‘സൗപർണിക അസോസിയേറ്റ്‌സ്’ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. വിപുലീകരണത്തിനുവേണ്ടി 2007-ൽ അത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി.

2016-ൽ അനുബന്ധ സ്ഥാപനമായി കോയമ്പത്തൂരിൽ ‘എസ്.ടി.എച്ച്. സെൻസേഴ്‌സ്’ എന്ന സംരംഭം ആരംഭിച്ചു. 2019-ൽ നിളയുടെ 51 ശതമാനം ഓഹരികൾ തിരിച്ചുവാങ്ങി. മക്കളായ ശ്രീരാജും സൂരജും കമ്പനി പ്രവർത്തനങ്ങളിൽ സജീവമാണ്.

സ്വന്തം തൊഴിലാളികൾ

നിലവിൽ 88 തൊഴിലാളികളാണ് കമ്പനിയിലുള്ളത്. ഇതിൽ 80 ശതമാനവും സ്ത്രീകളാണ്. തൊഴിലാളികളെ സ്വന്തംപോലെ കണ്ടതും വിജയത്തിന് കാരണമായെന്ന് ജയകുമാർ പറഞ്ഞു. വിമാനയാത്ര അടക്കമുള്ള വിനോദസഞ്ചാര പാക്കേജുകളും മറ്റുമാണ് തൊഴിലാളികൾക്ക് സമ്മാനമായി നൽകുന്നത്.

മികച്ച സംരംഭകനുള്ള പുരസ്‌കാരം

2015-16 കാലത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച എം.എസ്.എം.ഇ. സംരംഭകനുള്ള അവാർഡ് ജയകുമാറിനായിരുന്നു. പ്രളയം കാരണം 2019-ലാണ് ഇത് പ്രഖ്യാപിച്ചത്.

• ജയകുമാർ

• ചിപ്പ്‌ തെർമിസ്റ്റർ

ആദ്യം ഡിസ്ക് തെർമിസ്റ്ററുകളാണ് നിർമിച്ചത്. എന്നാൽ വലിപ്പംകുറഞ്ഞ ചിപ്പ് തെർമിസ്റ്ററുകൾ വിദേശത്ത് ഇറങ്ങിയതോടെ അത് നിർമിക്കാനായി ശ്രമം. 2018-ൽ ചിപ്പ് തെർമിസ്റ്റർ പൂർണമായും സ്വന്തമായി നിർമിച്ച്‌ പുറത്തിറക്കി. 2014-ൽ ഉന്നത ഗുണനിലവാര സർട്ടിഫിക്കറ്റായ ഇന്റർനാഷണൽ ഓട്ടോമോട്ടീവ് ടാസ്ക് ഫോഴ്‌സിന്റെ അംഗീകാരവും ലഭിച്ചു. വാഹനനിർമാതാക്കളുമായി നേരിട്ട് ഇടപാട് നടത്താമെന്നതാണ് അംഗീകാരത്തിന്റെ ഗുണം.

https://epaper.mathrubhumi.com/Home/ShareArticle?OrgId=bb720f76