സര്‍വീസ് എന്‍ജിനീയര്‍മാര്‍ വരുന്നില്ല; അത്യാധുനിക മെഷിനറി സ്ഥാപിച്ച സംരംഭകര്‍ കുരുക്കില്‍

Covid 19

 

തൃശൂര്‍ ജില്ലയിലെ ഒരു സംരംഭകന്‍ തന്റെ പുതിയ യൂണിറ്റിന്റെ ജോലികള്‍ നടത്തുമ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആ ഫാക്ടറിയുടെ തറ വിഡിഎഫ് കോണ്‍ക്രീറ്റിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള കരാറും നല്‍കി. ഇപ്പോള്‍ തറയുടെ നിര്‍മാണ ജോലികള്‍ നിലച്ചു. വിഡിഎഫ് കോണ്‍ക്രീറ്റിംഗിന് കരാര്‍ നല്‍കിയ സ്ഥാപനത്തിനെ ജീവനക്കാരെയോ മെഷിനറിയോ തൃശൂരില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല.

ഇത് ഒരു സംരംഭകന്റെ കഥയല്ല. സിഎന്‍സി, പ്രിന്റിംഗ് എന്നുവേണ്ട അത്യാധുനിക മെഷിനറികള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയിലുള്ളവരുടെ ഇപ്പോഴത്തെ ഏക പ്രാര്‍ത്ഥന മെഷീന്‍ പണി മുടക്കല്ലേ എന്നുമാത്രമാണ്.

പ്രസ്ഥാനത്തെ നവീകരിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭകരില്‍ വലിയൊരു വിഭാഗം തങ്ങളുടെ യൂണിറ്റുകളില്‍ ഇറ്റലി, സ്‌പെയ്ന്‍, ജര്‍മനി, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മെഷിനറികള്‍ സ്ഥാപിച്ചിരുന്നു. ചിലര്‍ ഇത്തരം രാജ്യങ്ങളിലെ മെഷിനറികള്‍ വരുത്തി അവ യൂണിറ്റില്‍ സ്ഥാപിക്കാനുള്ള തയ്യാറെപ്പിലുമായിരുന്നു.

”ബോഷ്, സീമെന്‍സ്, ഫാനുക് തുടങ്ങി ഒട്ടനവധി ബഹുരാഷ്ട്ര വമ്പന്മാരുടെ മെഷിനറികള്‍ നമ്മുടെ നാട്ടിലെ പല യൂണിറ്റിലുമുണ്ട്. സിഎന്‍സി, പ്രിന്റിംഗ് പ്രസ് തുടങ്ങി എല്ലാ രംഗത്തും മികച്ച സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ ബ്രാന്‍ഡുകളാണ് പലരും ഉപയോഗിച്ചിരുന്നത്. ഇത്തരം കമ്പനികള്‍ക്കൊന്നിനും കേരളത്തില്‍ നേരിട്ട് സര്‍വീസ്, മെയന്റന്‍സ് ഓഫീസുകളില്ല. കാരണം, ആ കമ്പനികളെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു വിപണിയായിരുന്നില്ല കേരളം. എന്നാല്‍ സംരംഭകര്‍ ആവശ്യപ്പെടുമ്പോള്‍ ഈ കമ്പനികളുടെ എന്‍ജിനീയര്‍മാര്‍ ഇതര സംസ്ഥാനങ്ങളിലെ ഓഫീസുകളില്‍ നിന്ന് ഫ്‌ളൈറ്റില്‍ എത്തി വേഗം ജോലികള്‍ തീര്‍ത്തു പോകും. ലോക്ക് ഡൗണ്‍ വന്നതോടെ ഇങ്ങനെ ജീവനക്കാരെ കൊണ്ടുവരുന്നതിനുള്ള കടമ്പകള്‍ നിരവധിയാണ്. ഇത് സംരംഭകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്,” തൃശൂരിലെ മോളി ഇന്‍ഡസ്ട്രീസിന്റെ സാരഥി സിജോ വ്യക്തമാക്കുന്നു.

ഇതില്‍ ഒരു അവസരമുണ്ട്

സംസ്ഥാനത്തെ മാനുഫാക്ചറിംഗ് രംഗത്തെ സംരംഭകര്‍ അനുഭവിക്കുന്ന ഈ പ്രശ്‌നത്തിനു പിന്നില്‍ അവസരം ഒളിഞ്ഞിരുപ്പുണ്ടെന്നാണ് തൃശൂരിലെ സൗപര്‍ണിക തെര്‍മിസ്റ്റേഴ്‌സ് ആന്‍ഡ് ഹൈബ്രിഡ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം എം ജയകുമാര്‍ അഭിപ്രായപ്പെടുന്നത്.

വിവിധതരം എന്‍ടിസി തെര്‍മിസ്റ്ററുകള്‍ നിര്‍മിക്കുന്ന തന്റെ സ്ഥാപനത്തിലെ മെഷിനറികളെല്ലാം സ്വന്തം ആവശ്യത്തിന് ഉപകരിക്കും വിധം തദ്ദേശീയമായി വികസിപ്പിച്ചതാണെന്നും ആ മെഷിനറികളുടെ ഉപയോഗവും മെയ്ന്റനന്‍സും സംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യമായി അറിയുന്ന ടീമിനെ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കെമിക്കല്‍ എന്‍ജിനീയര്‍ കൂടിയായ ജയകുമാര്‍ പറയുന്നു. ”യഥാര്‍ത്ഥത്തില്‍ കേരളത്തിലെ വിദഗ്ധരായ പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം ഇതൊരു അവസരമാണ്. വിദേശ മെഷിനറികള്‍ യൂണിറ്റുകളില്‍ സ്ഥാപിക്കാനോ മെയ്ന്റന്‍സിനോ സര്‍വീസിനോ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിവേഗം വിദേശ വിദഗ്ധര്‍ വരണമെന്നില്ല. എന്നാല്‍ ലോകത്ത് വിവിധ സ്ഥലങ്ങളില്‍ വിവിധ മെഷിനറികളില്‍ ജോലി ചെയ്ത് അനുഭവ സമ്പത്ത് നേടിയ പലരും ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ മേഖലയിലും പ്രൊഫഷണല്‍ സേവനം മലയാളി വിദഗ്ധര്‍ തന്നെ നല്‍കാന്‍ തുടങ്ങിയാല്‍ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും അത് ഗുണമാകും,” ജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

https://www.dhanamonline.com/industry/service-maintance-persons-didnt-came-to-kerala-due-to-covid-19/

കുഞ്ഞൻ തെർമിസ്റ്ററുകളുടെ വമ്പൻ ജയം

എയർ കണ്ടീഷണറുകൾ എങ്ങനെയാണ് മുറിയിലെ താപനില തിരിച്ചറിയുന്നത്? അല്ലെങ്കിൽ, വാഹനങ്ങളിലെ ഓട്ടോമാറ്റിക് വൈപ്പർ എങ്ങനെയാണ് സ്വയം പ്രവർത്തിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ചെന്നെത്തുന്നത് ‘തെർമിസ്റ്റർ’ എന്ന കുഞ്ഞൻ ഉപകരണത്തിലാണ്. ഇവ തദ്ദേശീയമായി നിർമിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനം നമ്മുടെ കേരളത്തിലാണ്. തൃശ്ശൂർ കോലഴിയിൽ പ്രവർത്തിക്കുന്ന ‘സൗപർണിക തെർമിസ്റ്റേഴ്‌സ് ആൻഡ് ഹൈബ്രിഡ്‌സ്’ ആണ് ആ സ്ഥാപനം.

കെമിക്കൽ എൻജിനീയറായ എം.എം. ജയകുമാറാണ് ഇതിന്റെ അമരക്കാരൻ. മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ്, അശോക് ലൈലാൻഡ്, ഫോഴ്‌സ് മോട്ടോഴ്‌സ് തുടങ്ങിയവരാണ് സൗപർണിക എന്ന ചെറുകിട കമ്പനിയുടെ ഉപഭോക്താക്കൾ.

കുഞ്ഞൻ തെർമിസ്റ്ററുകളുടെ വലിയ ലോകം

കാണാൻ ചെറുതാണെങ്കിലും വളരെയധികം ഉപകരണങ്ങളിലെ അവിഭാജ്യ ഘടകമാണ് തെർമിസ്റ്ററുകൾ. ചൂടിനെ തിരിച്ചറിയാനും അളക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഇലക്‌ട്രോണിക് കോംപണന്റാണ് തെർമിസ്റ്ററുകൾ. ചൂടിനെ തിരിച്ചറിയുന്ന സെൻസേഴ്‌സ് എന്നുവേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ ചൂടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളിലും തെർമിസ്റ്ററുകൾ വേണം. എ.സി, വാഹനങ്ങൾ, സ്റ്റെബിലൈസർ തുടങ്ങി ചൂടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളിലും തെർമിസ്റ്റർ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ 90 ശതമാനം തെർമിസ്റ്ററുകളും ഇറക്കുമതിയാണ്.

തുടക്കം

തൃശ്ശൂർ സ്വദേശിയായ ജയകുമാർ കുറ്റിപ്പുറം കെൽട്രോണിൽ റിസർച്ച് ആൻഡ് െഡവലപ്പ്‌മെന്റ് വിഭാഗത്തിന്റെ തലവനായിരുന്നു. 90 കാലഘട്ടത്തിൽ കെൽട്രോണിൽ തെർമിസ്റ്ററുകളെക്കുറിച്ച് ഗവേഷണം നടന്നിരുന്നു. അന്ന് വലിയ ഡിമാൻഡ് ഇല്ലെങ്കിലും ഭാവിയിലെ ലോകം തെർമിസ്റ്ററുകളുടെ ആകുമെന്ന് ജയകുമാറിന് മനസ്സിലായി. അതോടെ ജയകുമാറിന്റെ ഉള്ളിലുള്ള സംരംഭകൻ ഉണർന്നു. സ്വന്തമായി എന്തുകൊണ്ട് ഇവ നിർമിച്ചുകൂടാ എന്നായി ചിന്ത. അങ്ങനെ 1994-ൽ ജോലി രാജിവെച്ച് ‘നിള ടെക്’ എന്ന കമ്പനി കൊച്ചി ചിത്രപ്പുഴയിൽ സ്ഥാപിച്ചു. തെർമിസ്റ്റർ തന്നെയായിരുന്നു ഉത്പന്നം.

തിരിച്ചടികളുടെ ലോകം

ഇലക്‌ട്രോണിക് കമ്പനികൾപോലും തെർമിസ്റ്റർ എന്ന്‌ കേൾക്കാത്ത കാലത്താണ് അദ്ദേഹം ഇത് നിർമിക്കാനിറങ്ങിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംരംഭകജീവിതം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ബന്ധുകളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൻ എന്ന സ്ഥാനം കമ്പനി തുടങ്ങിയതോടെ നഷ്ടമായി. ‘കെൽട്രോണിലെ സുരക്ഷിതമായ ജോലി കളഞ്ഞുകുളിച്ചവൻ’ എന്ന മനോഭാവത്തോടെയായിരുന്ന പിന്നെ അവർ അദ്ദേഹത്തെ കണ്ടത്. ആരോടും കടം ചോദിച്ചാൽപ്പോലും കിട്ടാത്ത അവസ്ഥ. തുടക്കകാലത്ത് സ്കൂൾ അധ്യാപികയായിരുന്ന ഭാര്യ സി.എസ്. രാധയുടെ ശമ്പളദിവസത്തിനായി കാത്തിരിക്കുമായിരുന്നുവെന്ന് ജയകുമാർ പറഞ്ഞു. ആ പൈസ ഉപയോഗിച്ചാണ് കമ്പനി ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകൾ നടത്തിയിരുന്നത്. ഭാര്യ വമ്പൻ പിന്തുണയാണ് നൽകിയത്. എന്നാൽ, പതിയെ ബിസിനസ് പച്ചപിടിക്കാൻ തുടങ്ങി. കഴിഞ്ഞ സാമ്പത്തികവർഷം 7.5 കോടി രൂപയാണ് വിറ്റുവരവ്. ഈ വർഷം വിറ്റുവരവ് 8.5 കോടി രൂപ കടക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 25 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.

നോ മാർക്കറ്റിങ്

കഷ്ടപ്പാടുകൾക്കിടയിലും ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമിച്ചാൽ ആളുകൾ തേടിവരുമെന്നാണ് വിശ്വാസം. ഉന്നത ഗുണനിലവാരമുള്ള ഘടകങ്ങൾ മാത്രമേ വാഹനങ്ങളുടെ ഡാഷ് ബോർഡ് നിർമാതാക്കളായ പ്രീക്കോൾ വാങ്ങൂവെന്ന സംസാരം അക്കാലത്തുണ്ടായിരുന്നു. അതിനാൽ തുടക്കകാലത്ത് അവരെപ്പോയിക്കണ്ടു. അവർക്ക് ഉത്പന്നം ഇഷ്ടമായി. അതോടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വേവലാതി മാറി.

അതിനുശേഷം ആരെയും പോയി കണ്ടിട്ടില്ലെന്നും മഹീന്ദ്ര അടക്കമുള്ള കമ്പനികൾ തന്നെത്തേടി ഇങ്ങോട്ട് വരികയാണെന്നും ജയകുമാർ പറഞ്ഞു. അതിനാൽ മാർക്കറ്റിങ്ങിന്റെ പണവും ഗവേഷണത്തിൽ ചെലവഴിക്കാനായി. ഇപ്പോഴും ജയകുമാറിന്റെ ഉപഭോക്താവാണ് പ്രീക്കോൾ.

ബിസിനസ് ജീവിതം

2004-ൽ ‘നിള ടെക്കി’ന്റെ ഓഹരികൾ മറ്റ്‌ ഓഹരി ഉടമകൾക്ക് വിറ്റിട്ട് സ്വദേശമായ തൃശ്ശൂരിലെ കോലഴിയിൽ ‘സൗപർണിക അസോസിയേറ്റ്‌സ്’ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. വിപുലീകരണത്തിനുവേണ്ടി 2007-ൽ അത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി.

2016-ൽ അനുബന്ധ സ്ഥാപനമായി കോയമ്പത്തൂരിൽ ‘എസ്.ടി.എച്ച്. സെൻസേഴ്‌സ്’ എന്ന സംരംഭം ആരംഭിച്ചു. 2019-ൽ നിളയുടെ 51 ശതമാനം ഓഹരികൾ തിരിച്ചുവാങ്ങി. മക്കളായ ശ്രീരാജും സൂരജും കമ്പനി പ്രവർത്തനങ്ങളിൽ സജീവമാണ്.

സ്വന്തം തൊഴിലാളികൾ

നിലവിൽ 88 തൊഴിലാളികളാണ് കമ്പനിയിലുള്ളത്. ഇതിൽ 80 ശതമാനവും സ്ത്രീകളാണ്. തൊഴിലാളികളെ സ്വന്തംപോലെ കണ്ടതും വിജയത്തിന് കാരണമായെന്ന് ജയകുമാർ പറഞ്ഞു. വിമാനയാത്ര അടക്കമുള്ള വിനോദസഞ്ചാര പാക്കേജുകളും മറ്റുമാണ് തൊഴിലാളികൾക്ക് സമ്മാനമായി നൽകുന്നത്.

മികച്ച സംരംഭകനുള്ള പുരസ്‌കാരം

2015-16 കാലത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച എം.എസ്.എം.ഇ. സംരംഭകനുള്ള അവാർഡ് ജയകുമാറിനായിരുന്നു. പ്രളയം കാരണം 2019-ലാണ് ഇത് പ്രഖ്യാപിച്ചത്.

• ജയകുമാർ

• ചിപ്പ്‌ തെർമിസ്റ്റർ

ആദ്യം ഡിസ്ക് തെർമിസ്റ്ററുകളാണ് നിർമിച്ചത്. എന്നാൽ വലിപ്പംകുറഞ്ഞ ചിപ്പ് തെർമിസ്റ്ററുകൾ വിദേശത്ത് ഇറങ്ങിയതോടെ അത് നിർമിക്കാനായി ശ്രമം. 2018-ൽ ചിപ്പ് തെർമിസ്റ്റർ പൂർണമായും സ്വന്തമായി നിർമിച്ച്‌ പുറത്തിറക്കി. 2014-ൽ ഉന്നത ഗുണനിലവാര സർട്ടിഫിക്കറ്റായ ഇന്റർനാഷണൽ ഓട്ടോമോട്ടീവ് ടാസ്ക് ഫോഴ്‌സിന്റെ അംഗീകാരവും ലഭിച്ചു. വാഹനനിർമാതാക്കളുമായി നേരിട്ട് ഇടപാട് നടത്താമെന്നതാണ് അംഗീകാരത്തിന്റെ ഗുണം.

https://epaper.mathrubhumi.com/Home/ShareArticle?OrgId=bb720f76

ചിപ്പിനുള്ളിലാക്കിയ വിജയം

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും അവരുടെ ഫ്യൂച്ചറിസ്റ്റിക്കായ ഇലക്ട്രിക് വാഹനങ്ങളിലെ തെര്‍മിസ്റ്ററിനായി (താപനിലയ്ക്ക് അനുസൃതമായി വൈദ്യുതപ്രതിരോധത്തിന്റെ മൂല്യത്തിന് വ്യതിയാനം വരുന്ന തരത്തില്‍ തയ്യാറാക്കപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണം) തേടി വരുന്ന ഒരു സ്ഥാപനമുണ്ട്; തൃശൂരിലെ കോലഴിയില്‍. എം.എം ജയകുമാര്‍ എന്ന കെമിക്കല്‍ എന്‍ജിനീയര്‍ തുടക്കമിട്ട സൗപര്‍ണിക തെര്‍മിസ്റ്റേഴ്‌സ് ആന്‍ഡ് ഹൈബ്രിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ടിഎച്ച്). വോള്‍വോയുടെ ട്രക്കില്‍ മുതല്‍ വി ഗാര്‍ഡ് സ്‌റ്റെബിലൈസറുകളില്‍ വരെ സൗപര്‍ണികയില്‍ നിന്നുള്ള കുഞ്ഞന്‍ തെര്‍മിസ്റ്ററുകളുണ്ട്. ഇന്ന് ഇന്ത്യയിലെ ഏക ചിപ്പ് തെര്‍മിസ്റ്റര്‍ നിര്‍മാതാക്കളാണ് എസ്ടിഎച്ച്. ലക്‌സംബര്‍ഗ്, മെക്‌സിക്കോ, അര്‍ജന്റീന, ബ്രസീല്‍, ടര്‍ക്കി, ഇറാന്‍, ഇറ്റലി, ചൈന എന്നിവിടങ്ങളിലേക്കെല്ലാം തെര്‍മിസ്റ്ററുകള്‍ കയറ്റുമതി ചെയ്യുന്ന ഈ യൂണിറ്റിനെ തേടി അടുത്തിടെ സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡും വന്നു. കെല്‍ട്രോണിലെ സുരക്ഷിതമായ ജോലി വിട്ടെറിഞ്ഞ് ഒട്ടനവധി പ്രതിബന്ധങ്ങള്‍ നീന്തിക്കയറിയ ജയകുമാറിന്റെ ക്ഷമാപൂര്‍വ്വമായ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു ഇത്.

ഊതിക്കാച്ചിയ മികവ്

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ജയകുമാറിന് സംരംഭകത്വമെന്നത് ഏറെ അപരിചിതമായ കാര്യമായിരുന്നു. 1980ല്‍ കെല്‍ട്രോണില്‍ ജോലിയില്‍ പ്രവേശിച്ച ജയകുമാര്‍ പക്ഷേ 1994ല്‍ സ്വന്തമായൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ജോലി ഉപേക്ഷിച്ചു. ഇന്ത്യയില്‍ കാര്യമായി ഉല്‍പ്പാദനമില്ലാത്ത, ഭാവിയില്‍ വലിയ സാധ്യതകളുണ്ടാകുമെന്ന് ഉറപ്പുള്ള തെര്‍മിസ്റ്ററുകള്‍ നിര്‍മിക്കുന്ന യൂണിറ്റ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അന്ന് ഈ രംഗത്ത് കെല്‍ട്രോണില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കൊച്ചി ആസ്ഥാനമാക്കി നിളടെക് എന്ന കമ്പനിക്ക് രൂപം നല്‍കിയത് അങ്ങനെയാണ്.

ഭാവിയില്‍ ഒട്ടനവധി രംഗങ്ങളില്‍ തെര്‍മിസ്റ്ററുകള്‍ ഉപയോഗിക്കപ്പെടുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ രംഗത്തെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ജയകുമാര്‍ മുമ്പേ നടന്നത്. രാജ്യത്തെ മുന്‍നിര കമ്പനികളിലേക്ക് കടന്നെത്താന്‍ എളുപ്പവഴികളൊന്നും ജയകുമാറിന് മുന്നിലുണ്ടായിരുന്നില്ല. ”കെല്‍ട്രോണില്‍ ജോലി ചെയ്യവേ അവിടുത്തെ ഒരു സിഇഒ പ്രികോള്‍ എന്ന കമ്പനി തെര്‍മിസ്റ്ററുകള്‍ സ്വീകരിച്ചാല്‍ അത് ഗുണമേന്മയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരമാണെന്ന് ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. അന്നേ ഞാനത് മനസ്സില്‍ കുറിച്ചു. സ്വന്തമായി സംരംഭം തുടങ്ങിയപ്പോള്‍ മുന്നില്‍ കണ്ട ആദ്യ ഉപഭോക്താവ് പ്രികോളായിരുന്നു. തെര്‍മിസ്റ്റര്‍ നിര്‍മിച്ചു. അതുമായി പ്രികോളിനെ സമീപിച്ചു. അവരുടെ കര്‍ശനമായ പരിശോധനകളില്‍ ഗുണമേന്മ തെളിയിക്കപ്പെട്ടു. പ്രികോളിനെ ഉപഭോക്താവായും ലഭിച്ചു. നല്ലത് നിര്‍മിച്ചാല്‍ നമ്മെ തേടി എവിടെ നിന്നായാലും ഉപഭോക്താക്കള്‍ വരുമെന്ന വിശ്വാസം അന്നും ഇന്നുമുണ്ട്.” ജയകുമാര്‍ പറയുന്നു.

പത്തു വര്‍ഷത്തോളം നിളടെക്കിനെ മുന്നോട്ടുകൊണ്ടുപോയ ജയകുമാര്‍ പിന്നീട് ബിസിനസ് പങ്കാളികള്‍ക്ക് അത് കൈമാറി സ്വന്തമായി ആരംഭിച്ച സംരംഭമാണ് എസ്ടിഎച്ച്. കെല്‍ട്രോണില്‍ സഹപ്രവര്‍ത്തകനായിരുന്ന ഗംഗാധരന്‍ നമ്പൂതിരിയെയും മറ്റ് ഓഹരി പങ്കാളിയെയും ഉള്‍പ്പെടുത്തി എസ്ടിഎച്ച് 2007ല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി. അന്നുമുതല്‍ എന്‍ടിസി തെര്‍മിസ്റ്റര്‍, ടെമ്പറേച്ചര്‍ സെന്‍സര്‍ മാനുഫാക്ചറിംഗ് രംഗത്ത് ഗവേഷണ മികവിന്റെ കരുത്തില്‍ വഴിമാറി നടക്കാന്‍ തുടങ്ങി എസ്ടിഎച്ച്. ജാപ്പനീസ് കമ്പനിയുമായി പങ്കാളിത്തമുള്ള പ്രികോളുമായുള്ള ബന്ധം ലോകോത്തര നിലവാരമുള്ള സിസ്റ്റവും നടപടിക്രമങ്ങളും നടപ്പാക്കാന്‍ എസ്ടിഎച്ചിനെ സഹായിച്ചു.

കോയമ്പത്തൂരില്‍ എസ്ടിഎച്ച് സെന്‍സേഴ്‌സ് എല്‍എല്‍പി എന്ന നിര്‍മാണ യൂണിറ്റും കമ്പനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം നിളടെക്കിനെയും എസ്ടിഎച്ച് ഏറ്റെടുത്തു. അതോടെ കോലഴി, ചിത്രപ്പുഴ, കോയമ്പത്തൂര്‍ എന്നിങ്ങനെ മൂന്നിടത്ത് നിര്‍മാണ യൂണിറ്റുകളായി.
നിരന്തര ഗവേഷണത്തിലൂടെയാണ് എസ്ടിഎച്ച് തെര്‍മിസ്റ്റേഴ്‌സ് രംഗത്ത് മുന്‍നിരക്കാരായത്. ഇതോടൊപ്പം ഗുണമേന്മയില്‍ രാജ്യാന്തര സര്‍ട്ടിഫിക്കേഷനുകളും കമ്പനി സ്വന്തമാക്കി. ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ് ടാസ്‌ക് ഫോഴ്‌സിന്റെ ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷനുകള്‍ എസ്ടിഎച്ചിനുണ്ട്.

എന്‍ജിനീയറിംഗ് ബിരുദധാരികള്‍ മുതല്‍ പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള നൈപുണ്യമുള്ള ജീവനക്കാര്‍ വരെ ജയകുമാറിന്റെ ടീമിലുണ്ട്. ഇവരെ ഓരോരുത്തരെയും പരിശീലനം നല്‍കിയാണ് ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഡിസ്‌ക് തെര്‍മിസ്റ്ററുകളുടെ കാലം കടന്ന് ചിപ്പ് തെര്‍മിസ്റ്ററുകള്‍ രംഗം വാഴാന്‍ തുടങ്ങുന്നുവെന്ന് അറിഞ്ഞതോടെ ജയകുമാര്‍ ആ രംഗത്തേക്കും കടന്നു.

വളര്‍ച്ച പടിപടിയായി

സ്വന്തം ടീമിന് നല്‍കാവുന്ന എല്ലാ പരിരക്ഷയും ഉറപ്പാക്കി സംതൃപ്തരാക്കി മുന്നോട്ടുപോകുന്ന ജയകുമാര്‍ കമ്പനിയില്‍ മികവുറ്റ സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്. മക്കളായ ശ്രീരാജും സൂരജും ജയകുമാറിനൊപ്പം ബിസിനസിലുണ്ട്. ശ്രീരാജ് അഡ്മിനിസ്‌ട്രേഷന്‍ നോക്കുമ്പോള്‍ സൂരജ് ടെക്‌നിക്കല്‍ വിഭാഗത്തിലാണ് ശ്രദ്ധയൂന്നുന്നത്. ഇരുവരും പഠനം പൂര്‍ത്തിയാക്കി മറ്റ് കമ്പനികളില്‍ പ്രവര്‍ത്തന പരിചയം നേടിയാണ് പിതാവിനൊപ്പം ബിസിനസിലേക്ക് ഇറങ്ങിയത്. ജയകുമാറിനൊപ്പം വലംകൈയായി നിന്ന് ഗംഗാധരന്‍ നമ്പൂതിരിയും എസ്ടിഎച്ചിനെ ഉയരങ്ങളിലേക്ക് നയിക്കുന്നു.

 

https://dhanamonline.com/success-story/chip-thermists-souparnika-success-story/